Pennu Kaanal

കാലം 2000. ഒരു ദിവസം ഞാന്‍ നാട്ടില്‍തന്നെയുള്ള പള്ളിയില്‍ ഒരു വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. വരന്‍റെ പാര്‍ട്ടി എത്താനായി എല്ലാവരും കാത്തിരിക്കുകയാണ്. അപ്പോഴതാ രണ്ടു പേര്‍ എന്നെ അന്വേഷിച്ച് അവിടെ എത്തുന്നു. പരിചയമുള്ളവരല്ല. “ജാക്ക് ഈപ്പന്‍ ആരാ?” എന്ന് അവിടെ നിന്നവരോടൊക്കെ അന്വേഷിക്കുന്നുണ്ട്. അങ്ങനെ അവരെന്നെ കണ്ടുപിടിച്ചു.

 

“സാര്‍, ഞങ്ങള്‍ സാറിനെ തിരക്കി വീട്ടില്‍ പോയിരുന്നു. സാറിന്‍റെ അമ്മയാണ് പറഞ്ഞത് സാര്‍ ഇവിടെ ഉണ്ടെന്നു,” കൂട്ടത്തില്‍ തലവന്‍ പറഞ്ഞു. എന്നേക്കാള്‍ പ്രായമുള്ള ഒരാള്‍ എന്നെ “സാര്‍” എന്ന് പരസ്യമായി വിളിക്കുന്നതിന്‍റെ ചമ്മളില്‍ ഞാന്‍ നില്‍ക്കുകയാണ്. (അക്കാലത്ത് ഞാന്‍ ഒരു ട്യൂഷന്‍ അധ്യാപകനായിരുന്നു. അതുകൊണ്ട് കുട്ടികള്‍ “സാര്‍” എന്ന് വിളിക്കുന്നത്‌ പുതുമയല്ല).

 

“സാര്‍ എന്‍റെ കൂടെ ഒന്ന് വരണം. ഒരാള്‍ക്ക്‌ സാറിനെ ഒന് കാണണം. വണ്ടി കൊണ്ട് വന്നിട്ടുണ്ട്. പത്തു മിനിടിനുള്ളില്‍ ഇവിടെ തന്നെ കൊണ്ട് വിടാം.” വാക്കുകളും കാലുകളും എല്ലാം ഇടറിക്കൊണ്ടാണ് അദ്ദേഹം ഇതൊക്ക പറയുന്നത്. നല്ല മണവും വരുന്നുണ്ട്. ആര്‍ക്കാണ് കാണേണ്ടത്‌എന്ന് ചോദിച്ചിട്ട് വ്യക്തമായ മറുപടി കിട്ടുന്നുമില്ല. പെരുമാറ്റം വളരെ മാന്യമായതിനാല്‍ എതിര്‍ക്കാനും കഴിയുന്നില്ല. എതായാലും “വണ്ടി” ഉണ്ടല്ലോ. അര മണിക്കൂറിനകം എന്നെ കണ്ടില്ലെങ്കില്‍ അന്വേഷിക്കണം എന്ന് കൂട്ടുകാരോട് രഹസ്യമായി പറഞ്ഞിട്ട് ഞാന്‍ അവരോടൊപ്പം റോഡിലേക്കിറങ്ങി.

 

അപ്പോഴാണ്‌ “വണ്ടി” എന്ന് പറഞ്ഞത് ഒരു കൈനെറ്റിക് ഹോണ്ട ആണെന്ന് മനസിലായത്. മൂന്നു യാത്രക്കാര്‍. റോട്ടികഷണങ്ങല്‍ക്കിടയിലെ ജാം പോലെ ഞാന്‍ ഞെങ്ങി ഞെരുങ്ങി ഇരിക്കുകയാണ്. വഴിയെല്ലാം കുണ്ടും കുഴിയും. ജനകീയാസൂത്രണം വരാന്‍ ഇനിയും വര്‍ഷങ്ങള്‍ കഴിയണം. പെട്രോളിനു പുറമേ ചേട്ടന്‍റെ വയറ്റില്‍ കിടക്കുന്ന ഇന്ധനവും പ്രവര്‍ത്തിക്കുന്നതിനാല്‍ നല്ല വേഗതയിലാണ് വണ്ടി പോകുന്നത്. അതിനേക്കാള്‍ വേഗത്തിലായിരുന്നു എന്‍റെ ചിന്തകള്‍. ഇനി വല്ല പെണ്ണ് കേസുമാണോ ദൈവമേ? അതിനു അടുത്ത കാലതെങ്ങും ഏതെങ്കിലും പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതായി ഓര്‍ക്കുന്നുമില്ല. അടുത്തയിടെ പത്രത്തില്‍ വായിച്ച ഒരു വാര്‍ത്ത മനസ്സിലേക്ക് വന്നു ‘വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ച കാമുകനെ നാട്ടുകാര്‍ പിടികൂടി ബലമായി കല്യാണം കഴിപ്പിച്ചു’.

പെട്ടെന്ന് വണ്ടി ഒരു വീട്ടുമുറ്റത്ത്‌ നിന്നു. പേരെഴുതിയ ബോര്‍ഡ്‌ കണ്ട് ഞാന്‍ ഒന്ന് ഞെട്ടി-പ്രമുഖയായ ഒരു വനിതാ വക്കീലിന്‍റെ വീടായിരുന്നു അത്. ഞാനുറപ്പിച്ചു- ഇത് പെണ്ണ് കേസ് തന്നെ. എന്‍റെ കര്‍ത്താവേ എന്നാലും മനസ്സറിയാത്ത കാര്യത്തിന്…..

 

എന്നെ സ്വീകരണ മുറിയിലിരുത്തി ചേട്ടന്മാര്‍ രണ്ടു പേരും അകത്തേക്ക് പോയി. ഞാന്‍ തളര്‍ന്നിരിക്കുകയാണ്. അല്‍പ സമയത്തിനുള്ളില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി താലത്തില്‍ ശീതളപാനീയവുമായി മന്ദം മന്ദം പുറത്തേക്കുവന്നു. ഞാന്‍ അന്തിച്ചിരുന്നു. ദൈവമേ ഇത് പെണ്ണുകാണല്‍ തന്നെ! മനോഹരമായ പുഞ്ചിരിയോടെ ആ കുട്ടി ഗ്ലാസ്‌ എന്‍റെ നേര്‍ക്ക്‌ നീട്ടി. എന്നിട്ട് പറഞ്ഞു: “സാര്‍, ഞാന്‍ ——— കോളേജില്‍ ബി.എസ്.സി. ഫിസിക്സിനു പഠിക്കുകയാണ്. ഇത് എന്‍റെ ആന്റിയുടെ വീട് ആണ്. ഞാന്‍ സാറിനെക്കുറിച്ച് കേട്ടിട്ടുണ്ട്. സാര്‍ എന്നെ ഫിസിക്സ് പഠിപ്പിക്കണം.”

 

എന്റമ്മോ! ഇതായിരുന്നോ കാര്യം! എന്നെ നേരിട്ട് പരിചയമില്ലാത്തതിനാല്‍ കണ്ടുപിടിക്കാനായി എന്‍റെ നാട്ടിലെ ബന്ധു വീട്ടിലെത്തി അവരുടെ സഹായം തേടിയതായിരുന്നു ആ പെണ്‍കുട്ടി! ഇതായിരുന്നു കാര്യമെന്ന് വിളിക്കാന്‍ വന്ന മണ്ടന്മാര്‍ പറഞ്ഞിരുന്നെങ്കില്‍!!!

 

This entry was posted on Sunday, January 22nd, 2012 at 7:04 am and is filed under General. You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

Leave a Reply