Archive for February, 2012

ഗുരു സ്മരണ

Feb 17th, 2012 Posted in General, Personal | Comments Off on ഗുരു സ്മരണ

കഴിഞ്ഞ ദിവസം അന്തരിച്ച അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ പാവന സ്മരണയ്ക് മുന്‍പില്‍ ആദരാഞ്ജലികള്‍. അദ്ദേഹവുമായി ബന്ധപ്പെട്ട രണ്ടു ഓര്‍മകളിലേക്ക്:

1 . നിരണം പള്ളിയില്‍ ഒരു ഞായര്‍ ദിവസം കുര്‍ബാനയ്ക്കായി തിരുമേനിയെ ക്ഷണിച്ചു. രാത്രി തങ്ങാനുള്ള തീരുമാനത്തോടെ അദ്ദേഹം ശനിയാഴ്ച സന്ധ്യാ നമസ്കാരത്തിന് തന്നെ പള്ളിയില്‍ എത്തി. ഞങ്ങള്‍ ചെറുപ്പക്കാര്‍ക്ക് അതൊരു സംഭവം തന്നെ ആയിരുന്നു. കാരണം അക്കാലത്ത് ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം നിരണം പള്ളി സഭാ നേതൃത്വതാല്‍ തീരെ അവഗണിക്കപ്പെട്ട നിലയില്‍ ആയിരുന്നു. വളരെ നാളുകള്‍ക്കു ശേഷമാണ് ഒരു തിരുമേനി അവിടെ താമസിക്കാന്‍ എത്തുന്നത്‌. ഞങ്ങള്‍ MGOCSM പ്രവര്‍ത്തകര്‍ ആവേശഭരിതരായി. അപ്പോള്‍ മറ്റൊരു പ്രശ്നം. പ്രായത്തിന്‍റെ അരിഷ്ടതകള്‍ ഉള്ള തിരുമേനിയെ ഭാര്‍ഗവീ നിലയം പോലെയുള്ള പള്ളിമേടയില്‍ എങ്ങിനെ തനിയെ താമസിപ്പിക്കും? ആരെങ്കിലും അവിടെ കൂടെ താമസിക്കണം എന്നായി. സന്തോഷപൂര്‍വ്വം ഞങ്ങള്‍ മൂന്നു നാല് പേര്‍ ആ ചുമതല ഏറ്റെടുത്തു. സമീപവാസിയായ സെക്രട്ടറി ശെമ്മാശന് തിരുമേനി വീട്ടില്‍ പോകുവാന്‍ അനുവാദവും കൊടുത്തു.

ഒന്‍പതു മണിക്ക് മുന്‍പ് തന്നെ വീട്ടില്‍ പോയി അത്താഴം കഴിച്ചു വന്ന ഞങ്ങള്‍ തിരുമേനിയുടെ രാത്രി സെക്യൂരിറ്റി ഏറ്റെടുത്തു. സെന്‍റ് പോള്‍സ് സെന്റെറില്‍ തിരുമേനിയുടെ വിദ്യാര്‍ഥി ആയിരുന്ന ടിബി ആയിരുന്നു ഞങ്ങളുടെ നേതാവ്. തിരുമേനിയുടെ അടുത്തുള്ള മുറിയില്‍ കിടന്നു ഞങ്ങള്‍ ഉറക്കമായി. രാത്രി ഏതാണ്ട് പന്ത്രണ്ടു മണി ആയപ്പോള്‍ ഒരു അനക്കം കേട്ട് ഞാന്‍ ഉണര്‍ന്നു. തിരുമേനിയുടെ മുറിയില്‍ വെളിച്ചം. ഞാന്‍ ടിബിയെ ഉണര്‍ത്തി കാര്യം പറഞ്ഞു. തിരുമേനിയുടെ ദിനചര്യകള്‍ പരിചയമുള്ള അവന്‍ അപ്പോള്‍ പറഞ്ഞു “പേടിക്കണ്ടാ. തിരുമേനി ഈ സമയത്ത് എഴുന്നേറ്റു ബൈബിള്‍ വായിക്കുന്ന പതിവ് ഉണ്ട്. ഈ സമയത്ത് ആരെയും വിളിക്കില്ല.” വാതിലിനു ഇടയിലൂടെ നോക്കിയ എനിക്ക് അദ്ദേഹം ഇരുന്നു ബൈബിള്‍ വായിക്കുന്നത് കാണാന്‍ സാധിച്ചു. ലോകം ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരുന്നു ലോകത്തിനു വേണ്ടി പ്രാര്‍ഥിക്കുന്ന ആ പുണ്യവാന്റെ സാന്നിധ്യം എന്നെ കുളിരണിയിച്ചു.

നേരത്തെ പറഞ്ഞിരുന്നതിന്‍ പ്രകാരം വെളുപ്പിന് 5 മണിക്ക് തന്നെ ഞങ്ങള്‍ ഉണര്‍ന്നു തയ്യാറായി. തിരുമേനിയും അപ്പോള്‍ തന്നെ മുറി തുറന്നു വന്നു. രാത്രി നമസ്കാരത്തിനായി ഞങ്ങള്‍ പള്ളിയിലേക്ക് പോയി. നമസ്കാര മേശയ്ക്കു അടുത്ത് കസേരയില്‍ ഇരുന്ന തിരുമേനി എന്നോട് വേദപുസ്തകം എടുത്തു സദൃശ്യ വാക്യങ്ങളിലെ ഒരു അദ്ധ്യായം വായിക്കാന്‍ പറഞ്ഞു. ഞാന്‍ വായിച്ചു ഒരു ഭാഗം എത്തിയപ്പോള്‍ എന്നെ തടഞ്ഞിട്ടു ആ വാക്യം വീണ്ടും വായിക്കാന്‍ പറഞ്ഞു. ആ വാക്യം ഇതായിരുന്നു: “ഭാര്യയെ കിട്ടുന്നവന് നന്മ കിട്ടുന്നു; യഹോവയുടെ പ്രസാദം ലഭിച്ചുമിരിക്കുന്നു”. ആ പ്രസാദം ലഭിക്കാത്തതില്‍, സന്യാസ ജീവിതം തിരഞ്ഞെടുത്ത തിരുമേനിക്ക് ഇപ്പൊ വിഷമം ഉണ്ടോ എന്നൊരു കുസൃതി എന്റെ മനസ്സില്‍ വിരിഞ്ഞു!

രാത്രി നമസ്കാരത്തിന് ശേഷം നേരം പുലര്‍ന്നപ്പോള്‍ തിരുമേനി പ്രഭാത നടത്തത്തിനു ഇറങ്ങാന്‍ തുടങ്ങി. ഞാന്‍ കൂടെ ചെല്ലാന്‍ തുടങ്ങിയപ്പോള്‍ വിലക്കിക്കൊണ്ട് പറഞ്ഞു: “വരണ്ടാ. കുര്‍ബാന ഉള്ളത് കാരണം ഞാന്‍ സംസാരിക്കില്ല”. അങ്ങിനെ പറഞ്ഞാലും സാരമില്ല, തിരുമേനിയെ തനിയെ വിടണ്ടാ എന്ന് ടിബി അടക്കം പറഞ്ഞു. ഞാന്‍ പതിയെ പുറകെ നടന്നു. അല്പം നടന്നു കഴിഞ്ഞപ്പോള്‍ തിരുമേനി അത്യാവശ്യം കുശലം ഒക്കെ ചോദിച്ചു. കുറെ നടന്നു ചെന്നപ്പോള്‍ എന്നെ റോഡില്‍ നിറുത്തി തിരുമേനി തുറന്നു കിടന്ന ഒരു പറമ്പിലേക്ക് കയറി. ഞാന്‍ ആകെ അങ്കലാപ്പിലായി. ദൈവമേ തിരുമേനി മൂത്രം ഒഴിക്കാന്‍ വല്ലതും പോയതാണോ. ഇത് ആരുടെ പറമ്പ് ആണെന്നും അറിയില്ല. വല്ലവരും വല്ലതും പറഞ്ഞാലോ. ഞാന്‍ അന്തം വിട്ടു നോക്കി നില്‍ക്കുമ്പോള്‍ കണ്ടത് തിരുമേനി അവിടെ ഒരു കാപ്പി മരത്തില്‍ തൂങ്ങി കിടന്നു വ്യായാമം ചെയ്യുന്നതാണ്. ഏതായാലും അദ്ദേഹം പെട്ടെന്ന് തിരികെ വന്നു ഞങ്ങള്‍ തിരിച്ചു പള്ളിയിലേക്ക് നടന്നു. തിരികെ വരുന്ന വഴിയരികെ ഒരു വീട്ടുകാര്‍ സുഖമില്ലാതിരുന്ന ഒരു കുട്ടിയേയും കൊണ്ട് തിരുമേനിയുടെ പ്രാര്‍ത്ഥനക്കായി നിന്നിരുന്നു. തിരുമേനി അവിടെ നിന്ന് കുഞ്ഞിന്റെ ദേഹത്ത് കൈ തൊട്ടു പ്രാര്‍ഥിച്ചു. കുര്‍ബാന ചോല്ലെണ്ടാതിനാല്‍ കൂടുതല്‍ സംസാരിക്കുന്നില്ലെന്നു അവരോടു ക്ഷമാപണം ചെയ്തിട്ട് അദ്ദേഹം പള്ളിയിലേക്ക് നടന്നു. ആ ദിവസത്തെ ഓര്‍മ്മകള്‍ ഞാന്‍ ഇപ്പോഴും കൊണ്ട് നടക്കുന്നു.

2 . സ്വാതന്ത്ര്യ ദിനത്തില്‍ യുവജന പ്രസ്ഥാനത്തിന്‍റെ ഒരു ഏകദിന ക്യാമ്പ്‌. തിരുമേനി തുടക്കം മുതലേ സ്ഥലത്തുണ്ട്. പ്രസംഗ മദ്ധ്യേ സങ്കീര്‍ത്തനം 136 അദ്ദേഹം ചൊല്ലുവാന്‍ തുടങ്ങി. എന്നിട്ട് ആരെങ്കിലും ബൈബിള്‍ തുറന്നു അത് മുഴുവന്‍ വായിക്കുവാന്‍ ആവശ്യപ്പെട്ടു. ആ സങ്കീര്‍ത്തനം കാണാതെ അറിയാമായിരുന്ന ഞാന്‍ അത് ബൈബിള്‍ നോക്കാതെ ചൊല്ലുവാന്‍ തുടങ്ങി. അത് ശ്രദ്ധിച്ച തിരുമേനി എന്നെ അഭിനന്ദിക്കുകയും അദ്ദേഹം എഴുതിയ ഒരു പുസ്തകം ഒപ്പിട്ടു സമ്മാനിക്കുകയും ചെയ്തു. ആ പുസ്തകം ഇപ്പോഴും എന്റെ ശേഖരത്തില്‍ ഉണ്ട്.

അഭിവന്ദ്യ തിരുമേനിയെക്കുരിച്ചുള്ള വിക്കിപീഡിയ ആര്‍ട്ടിക്കിള്‍ (ഞാന്‍ എഴുതിയത്)