വ്രതം

May 31st, 2009 Posted in തല തിരിഞ്ഞ ചിന്തകള്‍ | one comment »

വെള്ളിയാഴ്ച്ച ഭക്ഷണം കഴിക്കാതിരുന്ന പെണ്‍കുട്ടിയോട് കൂട്ടുകാരികള്‍ ചോദിച്ചു: “എന്താ കഴിക്കാത്തെ?”
“തിങ്കളാഴ്ച നോയമ്പ്” പെണ്‍കുട്ടി ഉത്തരം പറഞ്ഞു
“അതിനിന്ന് വെളിയാഴ്ച അല്ലേ?”
പെണ്‍കുട്ടി പറഞ്ഞു: “തിങ്കളാഴ്ച വീട്ടില്‍ ചിക്കന്‍ വച്ചിരുന്നു. ഇന്നലെയാ അത് തീര്‍ന്നത്”

തെണ്ടല്‍

May 31st, 2009 Posted in തല തിരിഞ്ഞ ചിന്തകള്‍ | no comment »

സാമാന്യം തിരക്കുള്ള ബസ്‌. പാട്ട് പാടി ഭിക്ഷാടനത്തിനൊരുങ്ങുന്ന തെരുവ് ബാലന്‍. വിശന്നൊട്ടിയ വയറിന്മേല്‍ താളമടിച്ച് പാടിക്കഴിഞ്ഞിട്ടു അവന്‍ നീട്ടിയ കൈയുമായി യാത്രക്കാരെ സമീപിച്ചു. പുച്ഛത്തോടെ അവന്റെ കൈ തട്ടി മാറ്റിക്കൊണ്ട് അയാള്‍ ബാലഭിക്ഷാടനം നിരോധിക്കേണ്ടതിന്ടെ ആവശ്യത്തെക്കുറിച്ചും ഭിക്ഷാടന മാഫിയയെക്കുറിച്ച്ചും അടുത്ത സീറ്റില്‍ ഇരുന്ന ആളിനോട്‌ പ്രസംഗിക്കാന്‍ തുടങ്ങി. ചിലര്‍ ചെറിയ നാണയ തുട്ടുകള്‍ ഇട്ടുകൊടുത്തുകൊണ്ടിരുന്നപ്പോള്, അയാള്‍ തലേദിവസം കണ്ട റിയാലിറ്റി ഷോയില്‍ വോട്ടു തെണ്ടിയ യുവ ഗായികയ്ക്ക് പ്രീമിയം റേറ്റില്‍ SMS അയയ്ക്കാന്‍ തുടങ്ങി.

നളചരിതം

Nov 16th, 2008 Posted in തല തിരിഞ്ഞ ചിന്തകള്‍ | one comment »

ഉച്ചയ്ക്ക് ഉണ്ണാന്‍ ഇരുന്നപ്പോഴാണ് ഉണ്ണായി വാര്യരെകുറിച്ച് ഓര്‍ത്തത്. പത്താം ക്ലാസ്സിലാണ് നളചരിതം ആദ്യമായി പഠിക്കുന്നത്; പിന്നെ ഡിഗ്രി രണ്ടാം വര്‍ഷവും.
നളനോടുള്ള അനുരാഗത്താല്‍ തീവ്രമായ ഹൃദയവുമായി, വിരഹ ദുഖവുമായി ഉദ്യാനത്തില്‍ ഉലാത്തുന്ന ദമയന്തിയുടെ അവസ്ഥ കവി വിവരിക്കുന്നു:
“ചലദളി ഝന്കാരം ചെവികളിലംഗാരം
കോകില കൂജിതങ്ങള്‍ കൊടിയ കര്‍ണാ ശൂലങ്ങള്‍്
കുസുമ സൌരഭം നാസാ കുഹരസര സൈരിഭം
അതി ദുഃഖ കാരണമിന്നാരാമ സഞ്ചരണം”
(വണ്ടിന്‍റെ മൂളലുകള്‍ ചെവികളില്‍ തീക്കട്ട പോലെ വേദനാജനകം; കുയിലിന്‍റെ കൂവലുകള്‍ ശൂലങ്ങള്‍് പോലെ; പൂക്കളുടെ സൌരഭ്യം മനസ്സാകുന്ന പൊയ്കയെ ഇളക്കി മറിക്കുന്ന കാട്ടുപോത്തിനെ പോലെ അസഹ്യം)

ഇതേ അവസ്ഥയില്‍ സ്വന്തം കൊട്ടാരത്തില്‍ ഉലാത്തുന്ന നളന്‍റെ വിരഹ ദുഃഖം കവി വര്‍ണിക്കുന്നത് ഇങ്ങിനെ:
“പടുതമന്‍ മദനന്‍റെ പടവീടിതേ
വാപീ തട വിടപികളേ തല പടകുടികള്‍
കുസുമഹേതിദ്യുതിയും കുയില്‍ നാദ സ്വരവും
വിരഹി ഭീതി സ്ഥലമേയിത്”
(വീരനായ കാമദേവന്‍റെ പടക്കളമാണ് ഈ ഉദ്യാനം; ഇക്കാണുന്ന മരക്കൂട്ടങ്ങള്‍ അദ്ദേഹത്തിന്‍റെ പടകുടീരങ്ങളാണ്; പൂക്കളുടെ തിളക്കം ആയുധങ്ങളുടെ തിളക്കം പോലെ; കുയിലുകളുടെ പാട്ടു പോര്‍്വിളികലാണ്; ആകെ കൂടി ഈ സ്ഥലം പ്രണയ വിരഹി്കള്‍്ക്ക് ഭീതിജനകമാണ്)

ഒരേ അവസ്ഥയില്‍ കഴിയുന്ന രണ്ടു പേരുടെ മാനസിക വ്യാപാരങ്ങളാണ് കവി വര്‍ണ്ണിക്കുന്നത്- ഒരാള്‍ പുരുഷന്‍, മറ്റേയാള്‍ സ്ത്രീ. സ്ത്രീയുടെ വിരഹം വര്‍ണ്ണിക്കാന്‍ മൃദുവായ ബിംബങ്ങള്‍ ഉപയോഗിക്കുന്ന കവി, വീര പുരുഷനായ നളന്റെ അവസ്ഥ വര്‍ണ്ണിക്കാന്‍ പൌരുഷം തുളുമ്പുന്ന കല്പനകള്‍ ഉപയോഗിക്കുന്നു. പക്ഷെ രണ്ടിടത്തും ഉപയോഗിച്ചിരിക്കുന്ന ഉപമാനങ്ങളാവട്ടെ ഒന്നുതന്നെ- കുയിലിന്‍റെ കൂവല്‍, പൂക്കള്‍ മുതലായവ.

ദുഃഖം

Aug 27th, 2008 Posted in തല തിരിഞ്ഞ ചിന്തകള്‍ | no comment »

ചോദ്യം: നിങ്ങളെ ഏറ്റവും കൂടുതല്‍ ദുഃഖിപ്പിക്കുന്ന ഒരു കാര്യം എന്ത്?

ഉത്തരം: English-ലെ confirm എന്ന വാക്കിനു പകരം ആള്‍ക്കാര്‍ conform എന്ന് പ്രയോഗിക്കുന്നത് എന്നെ വിഷമിപ്പിക്കുന്നു. “മീടിങ്ങിനു വരാന്‍ പറ്റുമോ എന്ന കാര്യം ഞാന്‍ conform ചെയ്യാം” എന്നേ പലരും പറയൂ.

പാഠം 7- ജീവന്‍ ഇല്ലാത്ത മതം

Jun 26th, 2008 Posted in തല തിരിഞ്ഞ ചിന്തകള്‍ | no comment »

ഏഴാം ക്ലാസ്സിലെ സാമൂഹ്യ പാഠം പുസ്തകത്തെ ചൊല്ലി കേരളം മൊത്തം വിവാദം. ഈ പുസ്തകം മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ (വിവാദമായ പാഠം മാത്രം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ). ഇതു വായിച്ചിട്ട് എനിക്ക് മനസ്സിലാകുന്നില്ല എവിടെയാണ് കുഴപ്പം എന്ന്. ആകെ മനസ്സിലായത് ഇത്ര മാത്രം- മതം ഇല്ലാത്ത ജീവനേക്കാള്‍ ഭീകരം ആണ് ജീവന്‍ ഇല്ലാത്ത മതം!!!