Archive for the Personal Category

ഒരു “ഹോളി”ഡേ ഓര്‍മ്മകള്‍

Mar 10th, 2016 Posted in General, Personal | 1,888 comments »

(2 0 0 2 ല്‍ ഡല്‍ഹിയില്‍ ആയിരുന്ന സമയത്ത് നാട്ടിലെ സുഹൃത്തുക്കള്‍ക്ക് അയച്ച ഒരു കത്താണ് ഇത്. ഒരാള്‍ക്ക്‌ ആയി എഴുതി തുടങ്ങി. കുറെ നീണ്ടു പോയതിനാല്‍ എല്ലാവര്ക്കും വേറെ വേറെ എഴുതാതെ ഫോട്ടോസ്റാറ്റ് എടുത്ത് അയക്കുകയായിരുന്നു. അങ്ങിനെ ഒരു കോപ്പി എന്‍റെ കയ്യിലും ഇരുന്നു.)

ഇത്തവണ ഞാന്‍ ദുഖവെള്ളിയും ഈസ്റ്ററും ഒന്നും ആഘോഷിച്ചില്ല. കാരണം ഞാന്‍ ഡല്‍ഹിയില്‍ ഇല്ലായിരുന്നു. ദുഖവെള്ളിയാഴ്ച തന്നെയായിരുന്നു ഹോളിയും. അതിനാല്‍ ഞാന്‍ സുഹൃത്തായ ഹിമാന്ഷു ശര്‍മയോടൊപ്പം അവന്‍റെ നാടായ ദെറാദൂണിലേക്ക് പോയി. വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് ഞങ്ങള്‍ യാത്ര തിരിച്ചു. 250km ദൂരമുണ്ട് അവിടേക്ക്. ബസില്‍ 6 മണിക്കൂര്‍ യാത്ര. ഹിമാലയത്തിന്റെ ഭാഗമായ ശിവാലിക് മലനിരകളുടെ താഴ്വരയിലാണ് ദെറാദൂണ്‍. ബസ് ആദ്യം മല കയറും. പിന്നെ പതിയെ താഴേക്കിറങ്ങും. 2 മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അവന്‍റെ വീട്ടിലെത്തി.

ഹിമാന്ഷുവിന്റെ അച്ഛന് കേരളത്തെയും മലയാളികളെയും വളരെ ഇഷ്ടമാണ്. പണ്ട് പുള്ളി തിരുവനന്തപുരത്ത് ഒരു സെമിനാറിന് വന്നപ്പോള്‍ തുടങ്ങിയ ഇഷ്ടം ആണ്. പുള്ളി വീട്ടില്‍ കൈലി ആണ് ഉടുക്കുന്നത്. ഈ ഹിമാന്ഷു ഒരു നല്ല കക്ഷി ആണ്. ഇത്രയും അറിവുള്ള ഒരു ചെറുപ്പക്കാരനെ ഞാന്‍ കണ്ടിട്ടില്ല. അറിയാവുന്ന കാര്യങ്ങള്‍ നമുക്ക് പറഞ്ഞു തരാനും പുള്ളിക്ക് മടി ഒന്നും ഇല്ല. സുന്ദരമായി ഇംഗ്ലീഷ് സംസാരിക്കും.ഹിമാന്ഷുവിന്റെ അനന്തരവന്‍ ആറു വയസ്സുകാരന്‍ ഋഷിയും വീട്ടില്‍ ഉണ്ടായിരുന്നു. മാമനെയും കൂട്ടുകാരനെയും കാണാന്‍ ആകാംക്ഷാഭരിതനായി ഇരിക്കുകയായിരുന്നു കക്ഷി.

ഞങ്ങള്‍ കിടന്നുറങ്ങിയിട്ട് രാവിലെ എണീട്ടപ്പോഴേക്കും നാട്ടിലുള്ള കുറെ മുതിര്‍ന്നവര്‍ ഹോളി ആഘോഷിക്കാനായി ആ വീട്ടിലെത്തിയിരുന്നു. ഉടുപ്പൊന്നു മാറാന്‍ പോലും അവസരം തരാതെ ചായം പൂശല്‍ ആരംഭിച്ചു. ഞാന്‍ കേരളത്തില്‍ നിന്നാണ്, ഇതുവരെ ഹോളി കണ്ടിട്ടില്ല എന്നൊക്കെ ഹിമാന്ഷു പറഞ്ഞതോടെ അവര്‍ക്ക് ആവേശം കൂടി. ഒരു ഗുണമുണ്ട്, നമ്മളെ ചായം പൂശിയവരെ എല്ലാം നമുക്കും തിരിച്ചു പൂശാം. ചായം പൂശല്‍ കഴിഞ്ഞ് കെട്ടിപിടിക്കും. മുതിര്‍ന്നവര്‍ പോയപ്പോള്‍ ഹിമാന്ഷുവിന്റെ കൂടുകാര്‍ വന്നു. അവരുടെ ചായം തേക്കല്‍ കൂടി കഴിഞ്ഞതോടെ ഞാന്‍ ഒരു പരുവം ആയി. പിന്നെ ഞങ്ങള്‍ എല്ലാം കൂടി ഓരോ വീട്ടിലും കയറി ഇറങ്ങി അവിടൊക്കെ ഉള്ളവരെ ചായം തേച്ചു. എല്ലാ വീട്ടില്‍ നിന്നും ഒത്തിരി പലഹാരം കിട്ടും. “ഗുജിയ” എന്ന പലഹാരമാണ് ഹോളി സ്പെഷ്യല്‍. നല്ല ഉഗ്രന്‍ സാധനം. രുചി വര്‍ണ്ണിക്കാന്‍ വാക്കുകള്‍ ഇല്ല.

പിന്നെ ഞങ്ങള്‍ ഹിമാന്ഷുവിന്റെ ബൈക്കില്‍ കയറി അവന്‍റെ കുറെ കൂട്ടുകാരുടെ വീടുകളില്‍ പോയി. വഴിനീളെ പിള്ളാര്‍ ബലൂണില്‍ കളര്‍ വെള്ളം നിറച്ചു വലിച്ചെറിയുന്നു. ചില സ്ഥലത്ത് വീടുകളുടെ മുകളില്‍ നിന്ന് ബക്കറ്റില്‍ കൊരിയൊഴിക്കും. ഊളതരം! അല്ലാതെ എനിക്ക് വലിയ രസം ഒന്നും തോന്നിയില്ല. നല്ല ഒരു ഉത്സവത്തെ ആളുകള്‍ വഷളാക്കി കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു.

പിന്നെ ഞങ്ങള്‍ ഹിമാന്ശുവിന്റെ പെങ്ങളുടെ വീട്ടില്‍ പോയി. അതും ദെറാദൂണില്‍ തന്നെയാണ്. അവര്‍ക്ക് കുടുംബവകയായുള്ള ഒരു സ്കൂളില്‍ ടീച്ചര്‍ ആണ് പുള്ളിക്കാരി. ഭര്‍ത്താവ് Ordnance Factoryയില്‍ ജോലി ചെയ്യുന്നു. നല്ല ആള്‍ക്കാര്‍. അവിടെ നിന്നും ധാരാളം ഗുജിയ ഞാന്‍ അകത്താക്കി എന്ന് പ്രത്യേകം പറയണ്ടല്ലോ.

ഉത്തരാഞ്ചല്‍ സംസ്ഥാനത്തിന്‍റെ തലസ്ഥാനം ആണ് ദെറാദൂണ്‍. ഏകദേശം 350 വര്‍ഷത്തെ പഴക്കം ഉള്ള പട്ടണം. ഏഴാമത്തെ സിഖ് ഗുരുവായ ഗുരു ഹാര്‍ റായിയുടെ മകനായ ഗുരു രാം റായ് ആണ് ഇന്നത്തെ ദെറാദൂണ്‍ സ്ഥാപിച്ചത്. “ദെറാ” എന്ന പഞ്ചാബി വാക്കിന്‍റെ അര്‍ഥം settlement എന്നാണ്. ഡൂണ്‍=valley. ഗുരു രാം റായ് സ്ഥാപിച്ച ഗുരുദ്വാരയും അവിടെയുണ്ട്. മനോഹരങ്ങളായ ചിത്രവേലകള്‍ ആണ് ഭിത്തിയില്‍. എല്ലാ രാത്രിയിലും ഗുരുവിന്‍റെ കിടക്ക വിരിച്ച് ഒരുക്കിയതിനു ശേഷം മുറി അടച്ചിടും. രാവിലെ തുറക്കുമ്പോള്‍ അതില്‍ ആരോ കിടന്നതായ അടയാളങ്ങള്‍ കാണാറുണ്ടത്രെ. ഞായറാഴ്ച വൈകിട്ടും തിങ്കളാഴ്ചയും അവിടെ വലിയൊരു ഉത്സവം ആയിരുന്നു. झंडा मेला (flag festival) എന്നാണ് അതിന്റെ പേര്. ലോകത്തുള്ള സിഖുകാര്‍ മുഴുവന്‍ ഇതിനു വരും. നമ്മുടെ പരുമലപ്പെരുന്നാള്‌/ശബരിമല സ്റ്റൈല്‍ ജനക്കൂട്ടമാണ്. രാത്രിയിലേ വന്നവര്‍ വിരിവച്ച് കിടന്നുറങ്ങുന്നു. ഗുരുദ്വാരയ്ക്ക് അകത്ത് കുറെ കബറുകള്‍ ഉണ്ട്. അവിടെ പുരോഹിതന്മാര്‍ ആയിരുന്നവരുടെ ശവകുടീരങ്ങള്‍ ആണ്.

ശനിയാഴ്ച ഞങ്ങള്‍ മസൂറിയില്‍ പോയി. ദെറാദൂണില്‍ നിന്ന് 33km ദൂരമേയുള്ളൂ അങ്ങോട്ട്‌. പക്ഷെ മലയുടെ മുകളിലാണ്. കറങ്ങി കറങ്ങി മുകളിലേക്ക് പോകുമ്പോള്‍ താഴേക്കു നോക്കാന്‍ നല്ല രസമാണ്. വളരെ സുഖകരമായ കാലാവസ്ഥയാണ് മസൂറിയില്‍. പ്രസിദ്ധമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് അത്. നമ്മുടെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാരെ പരിശീലിപ്പിക്കുന്ന Lal Bahadur Shastri National Academy of Administration മസൂറിയില്‍ ആണ്. മസൂറിയില്‍ നിന്ന് താഴേക്ക് നോക്കിയാല്‍ വളരെ ചെറുതായി ദെറാദൂണ്‍ കാണാം. മസൂരിയിലെക്ക് മല കയറുന്ന വഴിക്ക് പ്രസിദ്ധമായ ഒരു ശിവ ക്ഷേത്രം ഉണ്ട്. അവിടെ നേര്‍ച്ചകള്‍ സ്വീകരിക്കുന്നതല്ല. അമ്പലത്തിനകത്ത് തന്നെയുള്ള ചെറിയ കടകളില്‍ നിന്നുള്ള വരുമാനമാണ് അമ്പലത്തിനുപയോഗിക്കുന്നത്. നല്ല സുന്ദരമായ ബോണ്‍വിറ്റ ഇട്ട കാപ്പി ഫ്രീയായി കിട്ടും. കുടിച്ചിട്ട് ഗ്ലാസ്‌ നമ്മള്‍ തന്നെ കഴുകി കൊടുക്കണം എന്നേയുള്ളൂ.

പിന്നെ ഒരു സെന്റ്‌ ഫ്രാന്‍സിസ് പള്ളിയില്‍ പോയി. ഹിമാന്ഷു പഠിച്ച സെന്റ്‌ ജോസഫ്‌ അക്കാദമി സ്കൂള്‍ കണ്ടു (ദെറാദൂണിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്കൂള്‍ ആണ്- ഒന്നാം സ്ഥാനം ഡൂണ്‍ സ്കൂള്‍). ന്യൂസീലണ്ടിലെ ഒരു ട്രസ്റ്റ്‌ ആണ് സ്കൂള്‍ നടത്തുന്നത്. അധ്യാപകരോക്കെ അവിടെ നിന്നും വരുന്നവരാണ്.

ഹിമാന്ഷു ഭയങ്കര മുസ്ലിം വിരോധി ആണ് കേട്ടോ. നാല് വര്ഷം മുന്‍പ് അലിഗഡില്‍ നടന്ന ഒരു ലഹളയില്‍ അവന്‍റെ അമ്മാവനെ അവന്‍റെ മുന്‍പിലിട്ടു വെട്ടി കൊന്നതിന്റെ വിരോധം ആണ്. അതേ സമയം, ദെറാദൂണിലുള്ള കമലുദ്ദിന്‍ പാഷ എന്ന മുസ്ലിം വിശുദ്ധന്റെ കബറിലെ (മസാര്‍) നിത്യ സന്ദര്‍ശകനുമാണ്. നമ്മുടെ ഒരു മുറിയുടെ അത്രയുമേയുള്ളൂ ഈ മസാര്‍. ഞങ്ങള്‍ അവിടെ പോയി. അവിടെ അവനു ഭയങ്കര വിശ്വാസം ആണ്. അവിടെ പോയി പ്രാര്തിച്ചതെല്ലാം അവന് സാധിച്ചിട്ടുണ്ട്. ഒരിക്കല്‍ പ്രാര്‍ഥിച്ച കാര്യം സാധിച്ചതിനു ശേഷം അവന്‍ നന്ദി പറയാന്‍ പോയില്ല. ഒരു ദിവസം സ്വപ്നത്തില്‍ അവന്‍റെ മരിച്ചുപോയ മുത്തശ്ശി വെള്ള വസ്ത്രങ്ങള്‍ ധരിച്ച ഒരാളിനോടു അപേക്ഷിക്കുന്നതായി അവന്‍ കണ്ടു “അവന്‍ വന്നു കാണാത്തതില്‍ അവനോടു ക്ഷമിക്കണമെന്ന്”. അടുത്ത ദിവസം തന്നെ അവന്‍ അവിടെ പോയി നേര്‍ച്ചയിട്ടു.

പിന്നെ ദെറാദൂണില്‍ കണ്ടത് Forest Research Institute ആണ്. വലിയൊരു കാമ്പസ്. നല്ല രസമാണ് ആ സ്ഥലം കാണാന്‍. പട്ടാളക്കാരെ പഠിപ്പിക്കുന്ന Indian Military Academyയും ദെറാദൂണില്‍ ആണ്. പുറത്തു നിന്നേ കാണാന്‍ പറ്റൂ. അകത്തു കയറിയാല്‍ വെടിവച്ച് പഠിക്കുന്ന പട്ടാളക്കാരുടെ വെടിയുണ്ട വല്ലതും വഴി തെറ്റി വന്ന് കൊണ്ടാലോ. അത് കൊണ്ടായിരിക്കും അവര്‍ അകത്തു കയറ്റാത്തത്. എന്തായാലും തിങ്കളാഴ്ച വൈകിട്ട് ഞാന്‍ തിരിച്ച് ഡല്‍ഹിയില്‍ എത്തി എന്ന് പറഞ്ഞാല്‍ കഥ കഴിഞ്ഞല്ലോ.

ഗുരു സ്മരണ

Feb 17th, 2012 Posted in General, Personal | Comments Off on ഗുരു സ്മരണ

കഴിഞ്ഞ ദിവസം അന്തരിച്ച അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ പാവന സ്മരണയ്ക് മുന്‍പില്‍ ആദരാഞ്ജലികള്‍. അദ്ദേഹവുമായി ബന്ധപ്പെട്ട രണ്ടു ഓര്‍മകളിലേക്ക്:

1 . നിരണം പള്ളിയില്‍ ഒരു ഞായര്‍ ദിവസം കുര്‍ബാനയ്ക്കായി തിരുമേനിയെ ക്ഷണിച്ചു. രാത്രി തങ്ങാനുള്ള തീരുമാനത്തോടെ അദ്ദേഹം ശനിയാഴ്ച സന്ധ്യാ നമസ്കാരത്തിന് തന്നെ പള്ളിയില്‍ എത്തി. ഞങ്ങള്‍ ചെറുപ്പക്കാര്‍ക്ക് അതൊരു സംഭവം തന്നെ ആയിരുന്നു. കാരണം അക്കാലത്ത് ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം നിരണം പള്ളി സഭാ നേതൃത്വതാല്‍ തീരെ അവഗണിക്കപ്പെട്ട നിലയില്‍ ആയിരുന്നു. വളരെ നാളുകള്‍ക്കു ശേഷമാണ് ഒരു തിരുമേനി അവിടെ താമസിക്കാന്‍ എത്തുന്നത്‌. ഞങ്ങള്‍ MGOCSM പ്രവര്‍ത്തകര്‍ ആവേശഭരിതരായി. അപ്പോള്‍ മറ്റൊരു പ്രശ്നം. പ്രായത്തിന്‍റെ അരിഷ്ടതകള്‍ ഉള്ള തിരുമേനിയെ ഭാര്‍ഗവീ നിലയം പോലെയുള്ള പള്ളിമേടയില്‍ എങ്ങിനെ തനിയെ താമസിപ്പിക്കും? ആരെങ്കിലും അവിടെ കൂടെ താമസിക്കണം എന്നായി. സന്തോഷപൂര്‍വ്വം ഞങ്ങള്‍ മൂന്നു നാല് പേര്‍ ആ ചുമതല ഏറ്റെടുത്തു. സമീപവാസിയായ സെക്രട്ടറി ശെമ്മാശന് തിരുമേനി വീട്ടില്‍ പോകുവാന്‍ അനുവാദവും കൊടുത്തു.

ഒന്‍പതു മണിക്ക് മുന്‍പ് തന്നെ വീട്ടില്‍ പോയി അത്താഴം കഴിച്ചു വന്ന ഞങ്ങള്‍ തിരുമേനിയുടെ രാത്രി സെക്യൂരിറ്റി ഏറ്റെടുത്തു. സെന്‍റ് പോള്‍സ് സെന്റെറില്‍ തിരുമേനിയുടെ വിദ്യാര്‍ഥി ആയിരുന്ന ടിബി ആയിരുന്നു ഞങ്ങളുടെ നേതാവ്. തിരുമേനിയുടെ അടുത്തുള്ള മുറിയില്‍ കിടന്നു ഞങ്ങള്‍ ഉറക്കമായി. രാത്രി ഏതാണ്ട് പന്ത്രണ്ടു മണി ആയപ്പോള്‍ ഒരു അനക്കം കേട്ട് ഞാന്‍ ഉണര്‍ന്നു. തിരുമേനിയുടെ മുറിയില്‍ വെളിച്ചം. ഞാന്‍ ടിബിയെ ഉണര്‍ത്തി കാര്യം പറഞ്ഞു. തിരുമേനിയുടെ ദിനചര്യകള്‍ പരിചയമുള്ള അവന്‍ അപ്പോള്‍ പറഞ്ഞു “പേടിക്കണ്ടാ. തിരുമേനി ഈ സമയത്ത് എഴുന്നേറ്റു ബൈബിള്‍ വായിക്കുന്ന പതിവ് ഉണ്ട്. ഈ സമയത്ത് ആരെയും വിളിക്കില്ല.” വാതിലിനു ഇടയിലൂടെ നോക്കിയ എനിക്ക് അദ്ദേഹം ഇരുന്നു ബൈബിള്‍ വായിക്കുന്നത് കാണാന്‍ സാധിച്ചു. ലോകം ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരുന്നു ലോകത്തിനു വേണ്ടി പ്രാര്‍ഥിക്കുന്ന ആ പുണ്യവാന്റെ സാന്നിധ്യം എന്നെ കുളിരണിയിച്ചു.

നേരത്തെ പറഞ്ഞിരുന്നതിന്‍ പ്രകാരം വെളുപ്പിന് 5 മണിക്ക് തന്നെ ഞങ്ങള്‍ ഉണര്‍ന്നു തയ്യാറായി. തിരുമേനിയും അപ്പോള്‍ തന്നെ മുറി തുറന്നു വന്നു. രാത്രി നമസ്കാരത്തിനായി ഞങ്ങള്‍ പള്ളിയിലേക്ക് പോയി. നമസ്കാര മേശയ്ക്കു അടുത്ത് കസേരയില്‍ ഇരുന്ന തിരുമേനി എന്നോട് വേദപുസ്തകം എടുത്തു സദൃശ്യ വാക്യങ്ങളിലെ ഒരു അദ്ധ്യായം വായിക്കാന്‍ പറഞ്ഞു. ഞാന്‍ വായിച്ചു ഒരു ഭാഗം എത്തിയപ്പോള്‍ എന്നെ തടഞ്ഞിട്ടു ആ വാക്യം വീണ്ടും വായിക്കാന്‍ പറഞ്ഞു. ആ വാക്യം ഇതായിരുന്നു: “ഭാര്യയെ കിട്ടുന്നവന് നന്മ കിട്ടുന്നു; യഹോവയുടെ പ്രസാദം ലഭിച്ചുമിരിക്കുന്നു”. ആ പ്രസാദം ലഭിക്കാത്തതില്‍, സന്യാസ ജീവിതം തിരഞ്ഞെടുത്ത തിരുമേനിക്ക് ഇപ്പൊ വിഷമം ഉണ്ടോ എന്നൊരു കുസൃതി എന്റെ മനസ്സില്‍ വിരിഞ്ഞു!

രാത്രി നമസ്കാരത്തിന് ശേഷം നേരം പുലര്‍ന്നപ്പോള്‍ തിരുമേനി പ്രഭാത നടത്തത്തിനു ഇറങ്ങാന്‍ തുടങ്ങി. ഞാന്‍ കൂടെ ചെല്ലാന്‍ തുടങ്ങിയപ്പോള്‍ വിലക്കിക്കൊണ്ട് പറഞ്ഞു: “വരണ്ടാ. കുര്‍ബാന ഉള്ളത് കാരണം ഞാന്‍ സംസാരിക്കില്ല”. അങ്ങിനെ പറഞ്ഞാലും സാരമില്ല, തിരുമേനിയെ തനിയെ വിടണ്ടാ എന്ന് ടിബി അടക്കം പറഞ്ഞു. ഞാന്‍ പതിയെ പുറകെ നടന്നു. അല്പം നടന്നു കഴിഞ്ഞപ്പോള്‍ തിരുമേനി അത്യാവശ്യം കുശലം ഒക്കെ ചോദിച്ചു. കുറെ നടന്നു ചെന്നപ്പോള്‍ എന്നെ റോഡില്‍ നിറുത്തി തിരുമേനി തുറന്നു കിടന്ന ഒരു പറമ്പിലേക്ക് കയറി. ഞാന്‍ ആകെ അങ്കലാപ്പിലായി. ദൈവമേ തിരുമേനി മൂത്രം ഒഴിക്കാന്‍ വല്ലതും പോയതാണോ. ഇത് ആരുടെ പറമ്പ് ആണെന്നും അറിയില്ല. വല്ലവരും വല്ലതും പറഞ്ഞാലോ. ഞാന്‍ അന്തം വിട്ടു നോക്കി നില്‍ക്കുമ്പോള്‍ കണ്ടത് തിരുമേനി അവിടെ ഒരു കാപ്പി മരത്തില്‍ തൂങ്ങി കിടന്നു വ്യായാമം ചെയ്യുന്നതാണ്. ഏതായാലും അദ്ദേഹം പെട്ടെന്ന് തിരികെ വന്നു ഞങ്ങള്‍ തിരിച്ചു പള്ളിയിലേക്ക് നടന്നു. തിരികെ വരുന്ന വഴിയരികെ ഒരു വീട്ടുകാര്‍ സുഖമില്ലാതിരുന്ന ഒരു കുട്ടിയേയും കൊണ്ട് തിരുമേനിയുടെ പ്രാര്‍ത്ഥനക്കായി നിന്നിരുന്നു. തിരുമേനി അവിടെ നിന്ന് കുഞ്ഞിന്റെ ദേഹത്ത് കൈ തൊട്ടു പ്രാര്‍ഥിച്ചു. കുര്‍ബാന ചോല്ലെണ്ടാതിനാല്‍ കൂടുതല്‍ സംസാരിക്കുന്നില്ലെന്നു അവരോടു ക്ഷമാപണം ചെയ്തിട്ട് അദ്ദേഹം പള്ളിയിലേക്ക് നടന്നു. ആ ദിവസത്തെ ഓര്‍മ്മകള്‍ ഞാന്‍ ഇപ്പോഴും കൊണ്ട് നടക്കുന്നു.

2 . സ്വാതന്ത്ര്യ ദിനത്തില്‍ യുവജന പ്രസ്ഥാനത്തിന്‍റെ ഒരു ഏകദിന ക്യാമ്പ്‌. തിരുമേനി തുടക്കം മുതലേ സ്ഥലത്തുണ്ട്. പ്രസംഗ മദ്ധ്യേ സങ്കീര്‍ത്തനം 136 അദ്ദേഹം ചൊല്ലുവാന്‍ തുടങ്ങി. എന്നിട്ട് ആരെങ്കിലും ബൈബിള്‍ തുറന്നു അത് മുഴുവന്‍ വായിക്കുവാന്‍ ആവശ്യപ്പെട്ടു. ആ സങ്കീര്‍ത്തനം കാണാതെ അറിയാമായിരുന്ന ഞാന്‍ അത് ബൈബിള്‍ നോക്കാതെ ചൊല്ലുവാന്‍ തുടങ്ങി. അത് ശ്രദ്ധിച്ച തിരുമേനി എന്നെ അഭിനന്ദിക്കുകയും അദ്ദേഹം എഴുതിയ ഒരു പുസ്തകം ഒപ്പിട്ടു സമ്മാനിക്കുകയും ചെയ്തു. ആ പുസ്തകം ഇപ്പോഴും എന്റെ ശേഖരത്തില്‍ ഉണ്ട്.

അഭിവന്ദ്യ തിരുമേനിയെക്കുരിച്ചുള്ള വിക്കിപീഡിയ ആര്‍ട്ടിക്കിള്‍ (ഞാന്‍ എഴുതിയത്)

Samara Charitham

Jan 4th, 2011 Posted in General, Personal | 2 comments »

Story published in Mangalam Daily (1993). Context is the indefinite strike declared by the doctors of government hospitals

കത്തിപുരാണം

Jan 4th, 2011 Posted in General, Personal | Comments Off on കത്തിപുരാണം

An old story published in the magazine of SB College, Changanacherry (1994)

What’s IT? How’s IT?

Apr 20th, 2009 Posted in Personal | Comments Off on What’s IT? How’s IT?

Last Saturday (18th April), I made a talk on Information Technology to a group of students at Kottayam. It was part of the week-long Education Orientation Camp conducted by Mar Gregorious Orthodox Christian Students Movement (MGOCSM), the students wing of Indian Orthodox Church. The presentation is available in Slideshare. Objective of the session was to familiarize the students to the world of IT career and motivate them.

[slideshare 1316018 itmgocsm-090420093602-phpapp01]

Personally, it was a home-coming for me. I was a also a participant in the same camp, way back in 1992. Actually, that camp helped me in shaping my character, vision and future.